എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡനപരാതി കെട്ടിച്ചമച്ചതിന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അടക്കം 10 പേര്‍ക്കെതിരെകുറ്റപത്രം. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ഒന്നാം പ്രതിയും എച്ച് ആര്‍ മാനേജറായിരുന്ന സ്വപ്‌ന സുരേഷ് കേസിലെ രണ്ടാം പ്രതിയുമാണ്.ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് എയര്‍ ഇന്ത്യയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയേയും കേസില്‍ പ്രതിചേര്‍ത്തു.

ഇന്നലെ വൈകുന്നേരമാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ട്രേഡ് യൂണിയന്‍ നേതാവും ഉദ്യോഗസ്ഥനുമായ എസ്എല്‍ സിബുവിനെതിരെയാണ് എയര്‍ഇന്ത്യ സാറ്റ്‌സില്‍ നിന്നും 17 സ്ത്രീകള്‍ ലൈംഗികാതിക്രമ പരാതി ഉയര്‍ത്തുന്നത്. പരാതി ആഭ്യന്തര പരാതിപരിഹാര സമിതി പരിശോധിച്ച് ശരിവെച്ചതോടെ ഉദ്യോഗസ്ഥനെതിരെ നടപടിസ്വീകരിച്ചു.2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്

ബിനോയ് ജേക്കബും സ്വപ്‌ന സുരേഷും ചേര്‍ന്നാണ് വ്യാജ പരാതി തയ്യാറാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. ആഭ്യന്തര പരിഹാര സമിതി ഇവരുടെ ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കുകയും വ്യാജ രേഖ ചമക്കുകയും ആള്‍മാറാട്ടം നടത്തിയെന്നും കണ്ടെത്തി. ദീപക് ആന്റോ, ഷീബ, നീതു മോഹന്‍, ഉമാ മഹേശ്വരി സുധാകരന്‍ ( ആഭ്യന്തര പരിഹാര സമിതി ചെയര്‍പേഴ്‌സണ്‍), സത്യന്‍ സുബ്രഹ്മണ്യം, ആര്‍എംസ് രാജു, ലീനാ ബിനീഷ്, സ്വതന്ത്ര അംഗം ശ്രീജ ശശീധരന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.

പതിനേഴ് സത്രീകള്‍ ഒപ്പുവെച്ച പരാതിയാണ് ആഭ്യന്തര പരാതി പരിഹാര സമിതിക്ക് മുന്നിലേക്ക് എത്തിയത്. ഈ പരാതിയില്‍ ആദ്യം ഒപ്പിട്ടത് പാര്‍വതി സാബു എന്ന് പറയുന്ന ജീവനക്കാരിയാണ്. എന്നാല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഇത്തരമൊരു പരാതിയില്‍ ഒപ്പിട്ടിട്ടില്ലെന്നായിരുന്നു 17 സ്ത്രീകളും മൊഴി നല്‍കിയത്. ഇതേ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ പരാതിക്കാരിയായ പാര്‍വ്വതി സാബു ഹാജരായി എന്നാൽ പാര്‍വ്വതി സാബു എന്ന പേരില്‍ ഹാജരായത് കേസില്‍ അഞ്ചാം പ്രതിയായ നീതു മോഹനായിരുന്നു. സാധാരണ ഗതിയില്‍ പരാതി പരിഹാര സമിതിക്ക് മുന്നില്‍ ഹാജരാവുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ വരെ പരിശോധിക്കും. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെ സമിതി തീരുമാനമെടുക്കുകയായിരുന്നു. ആള്‍മാറാട്ടം നടത്തുന്നതിന്റെ പിന്നില്‍ സ്വപ്‌ന സുരേഷാണ്. ബിനോയ് കുര്യന് സിബുവിനോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഇതെന്നാണ് കരുതുന്നത്

Leave a Reply

Your email address will not be published. Required fields are marked *