സമരം ചെയ്യില്ലെന്ന വാഗ്ദ്ധാനം യൂണിയനുകള്‍ ലംഘിച്ചതിനാല്‍ കെ എസ് ആര്‍ ടി സി ശമ്പളക്കാര്യത്തില്‍ ഇനി സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

പത്താം തിയതി ശമ്പളം നല്‍കാമെന്ന് പറഞ്ഞത് സമരത്തിന് മുമ്പാണ്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതെയായി. നൂറ് പൊതുമഖല സ്ഥാപനങ്ങളിലൊന്ന് മാത്രമാണ് കെഎസ്ആര്‍ടിസി. ശമ്പളം നല്‍കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണെന്നും ആന്റണി രാജു പറഞ്ഞു.

കൃത്യസമയത്ത് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മേയ് ആറിനാണ് യൂണിയനുകള്‍ സൂചനാ പണിമുടക്ക് നടത്തിയത്. സര്‍ക്കാര്‍ പതിവായി നല്‍കുന്ന 30 കോടി രൂപ ഇന്നലെ നല്‍കിയെങ്കിലും എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കായി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

ഇന്ന് അര്‍ദ്ധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് തൊഴിലാളി നേതാക്കള്‍ പറയുന്നത്. കൂലി കിട്ടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കില്‍ നാളെത്തന്നെ യോഗം ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *