ആലപ്പുഴയില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു മക്കളുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുല്‍ത്താന്‍ (5), മലാല (ഒന്നര) എന്നിവരാണ് മരിച്ചത്. മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും മകനെ കഴുത്തില്‍ ഷാള്‍ മുറുക്കിയുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്. ഫാനില്‍ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

ഇവരുടെ കുടുംബത്തില്‍ മിക്കപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. അടുത്തിടെ റനീസിന്റെ ബന്ധുക്കള്‍ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തിരുന്നു. അതിനു ശേഷവും ഉപദ്രവം തുടര്‍ന്നെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസവും ക്വാര്‍ട്ടേഴ്‌സില്‍ ബഹളമുണ്ടായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗള്‍ഫില്‍ പോയ റനീസ്, ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിയെത്തിയ റെനീസ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *