കോഴിക്കോട്∙ എലത്തൂര്‍ കോരപ്പുഴ പാലത്തിനു മുകളിൽ ചൊവ്വാഴ്ച അർധരാത്രി കാറിടിച്ച് സ്കൂട്ടർ യാത്രക്കാരായ പിതാവും രണ്ടര വയസ്സുകാരനായ മകനും മരിച്ചു. കാർ യാത്രക്കാരായ 4 പേർ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു. മരിച്ച അതുൽ കെ. മുരളീധരൻ എംപിയുടെ ഡ്രൈവറാണ്.
വെസ്റ്റ്ഹിൽ ചുങ്കം പണിക്കർ തൊടി എസ്.പി.അതുൽ (24), മകൻ അൻവിക് എന്നിവരാണ് മരിച്ചത്. അർധരാത്രി കഴിഞ്ഞ് 12.30നായിരുന്നു അപകടം. കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിതാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.
കൊയിലാണ്ടിയിൽ ബന്ധുവിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത് വെസ്റ്റ്ഹിൽ ചുങ്കത്തെ വീട്ടിലേക്കു വരികയായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നവർ. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. കാറിന്റെ മുൻഭാഗം തകർന്നു. കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു തിരിഞ്ഞാണ് നിന്നത്. പരുക്കേറ്റവരെ ഉടനെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു. എലത്തൂരിൽ നിന്നും പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.
