ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ സുനില്‍ കുമാര്‍, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. രഹസ്യമായാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല.

മുഖ്യമന്ത്രിയുടെ ജീവന്‍ സംരക്ഷിക്കുക എന്നത് തങ്ങളുടെ ജോലിയാണ്, അതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴ ടൗണില്‍ വച്ച് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ അടക്കം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *