കോഴിക്കോട് ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, എൻ എച്ച് എം, ഗവ. മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ചാന്ദിനി ആർ ‘നിപ-ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തവും പ്രതിരോധ പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തിൽ കുറിച്ച് ക്ലാസെടുത്തു. മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഐശ്വര്യ പി കുമാര്‍ ‘ലാബ് ഡയഗ്നോസിസ് ആന്റ് സാമ്പിള്‍ കളക്ഷന്‍’ എന്ന വിഷയത്തെക്കുറിച്ചും, സയന്റിസ്റ്റ് ഡോ. ത്രേസ്യ തോമസ് ‘വ്യക്തി സുരക്ഷാ പ്രതിരോധ മാര്‍ഗങ്ങള്‍’ എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകള്‍ എടുത്തു. കുറ്റ്യാടി, പേരാമ്പ്ര ബ്ലോക്കുകളിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത്‌ നഴ്‌സുമാര്‍, നേഴ്‌സിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 80 പേര്‍ പരിപാടിയില്‍ പങ്കെടുത്തു.കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി കെ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലതിക വി ആര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അഖിലേഷ്‌കുമാര്‍ ഉള്‍പ്പെടെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരും പങ്കെടുത്തു. പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ഗോപാലകൃഷ്ണന്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി വി മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *