ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സര്‍വീസിന്റെ ഭാഗമായി എത്തിയ കപ്പലില്‍ നിലവില്‍ പതിനാറായിരം കണ്ടെയ്‌നറുകള്‍ ആണുള്ളത്. അതില്‍ 4000 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞം തുറമുഖത്ത് ഇറക്കുന്നത്. ബാക്കിയുള്ള കണ്ടെയ്‌നറുകളുമായി നാളെയോടെ ഐറിന യൂറോപ്പിലേക്ക് തിരിക്കും.
വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള മറ്റു തുറമുഖങ്ങളില്‍ ഒന്നും അടുക്കാത്ത ഐറിന ആദ്യമായാണ് ഇന്ത്യയിലെ ഒരു തുറമുഖത്ത് നങ്കൂരമിട്ടത്. സിംഗപ്പൂരില്‍ നിന്നും വന്ന കപ്പല്‍ 16 മീറ്റര്‍ ഡ്രാഫ്റ്റിലാണ് ബെര്‍ത്തിലേക്ക് പ്രവേശിച്ചത്. ഏറ്റവും വാഹക ശേഷിയുള്ള ഈ കണ്ടെയ്നര്‍ കപ്പലിനെ തുറമുഖത്തേക്കെത്തിച്ചത് മലയാളിയായ ക്യാപ്റ്റന്‍ ആണെന്നതും അഭിമാന നേട്ടമായി.