ചെന്നൈ: രജനീകാന്തിന്റെ മരുമകന്‍ വിശാഖന്‍ കെ അണ്ണാമലൈയുടെ പാര്‍ട്ടിയില്‍ ചേരും. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഭര്‍ത്താവാണ് വിശാഖന്‍. നടനും ഫാര്‍മ കമ്പനി ഡയറക്ടറുമാണ്. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകള്‍ക്കിടെയാണ് നീക്കം.
ജൂണ്‍ 5നാണ് കെ അണ്ണാമലൈ ബിജെപിയില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ ‘വി ദ ലീഡേഴ്‌സ്’ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഈ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളില്‍ 13,85,763 (ഏകദേശം 14 ലക്ഷം) ആളുകളാണ് സജീവ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തത്.
2020ല്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ചാണ് അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന ഉടന്‍ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റായും, തൊട്ടടുത്ത വര്‍ഷം 37-ാം വയസ്സില്‍ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം ഉയര്‍ന്നു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, സാധാരണക്കാരെയും യുവാക്കളെയും പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു. ‘വി ദ ലീഡേഴ്‌സ്’എന്ന് പേരിട്ടിരിക്കുന്ന വെബ്സൈറ്റിലൂടെയാണ് വോളന്റിയര്‍മാരെ ചേര്‍ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ഗ്രാസ്‌റൂട്ട് തലത്തില്‍ മാറ്റമുണ്ടാക്കാനാണ് യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തത്. ഈ പുതിയ പ്രസ്ഥാനം വരാനിരിക്കുന്ന തമിഴ്നാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഭാവിയിലേക്ക് നിരവധി പുതിയ നേതാക്കളെ വാര്‍ത്തെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
