കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനൊപ്പം അടുത്തിടെ സിപിഎമ്മിൽ ചേർന്നയാളെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 2 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം കണ്ടെടുത്തത്. ഇയാൾക്കെതിരെ കേസെടുത്ത എക്സൈസ് സംഘം പ്രതിയെ ജാമ്യത്തിൽ വിട്ടു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാപ്പാ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മിൽ ചേര്‍ന്നത്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മിൽ ചേര്‍ന്നത്. ഇവരിൽ ശരൺ ചന്ദ്രനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്.നിരന്തരം ക്രിമിനൽ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാൾ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരൺ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മിൽ ചേര്‍ന്നത്. ഇയാൾക്കെതിരെ നിലവിൽ കാപ്പാ കേസില്ല എന്നാണ് സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണ ജോര്‍ജ്ജ് പ്രതികരിച്ചത്. മന്ത്രിയായിരുന്നു ശരൺ ചന്ദ്രനടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത പരിപാടി ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *