ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടി കൂടി മനസ്സിലാക്കി തിങ്കളാഴ്ച കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സുധന്‍ഷു ദുലിയ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നിമിഷപ്രിയ ആക്ഷന്‍ ഫോറത്തിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഈ മാസം 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുമെന്നാണ് വാര്‍ത്തകള്‍ വരുന്നതെന്നും വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചാല്‍ ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി നയതന്ത്ര നീക്കങ്ങള്‍ക്ക് ലഭിക്കുമെന്നും ആക്ഷന്‍ ഫോറത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഗേന്ദ് ബസന്ത് ബോധിപ്പിച്ചു.

എന്നാല്‍, എ.ജിക്ക് നോട്ടീസ് നല്‍കാമെന്നും തിങ്കളാഴ്ച കോടതി പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്രം കൈക്കൊണ്ട നടപടികള്‍ അറിയാമെന്നും ജസ്റ്റിസ് ദുലിയ പറഞ്ഞു. അഭിഭാഷകരായ രാഗേന്ദും സുഭാഷും ഇത് അംഗീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *