ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സുപ്രിംകോടതിക്ക് വഴങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡും ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് എന്നിവ ഉള്‍പ്പെടുത്തണമെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിലപാട് മാറ്റം.

അതേസമയം വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം തുടരാമെന്നും കോടതി വ്യക്തമാക്കി. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരായ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തുടര്‍വാദം കേള്‍ക്കുന്നത് ജൂലൈ 21ലേക്ക് മാറ്റി.

അനര്‍ഹരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്‌കരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. എന്നാല്‍ സംസ്ഥാനത്തെ പാവപ്പെട്ടവരെയും പാര്‍ശ്വവത്കൃതരെയും പട്ടികയില്‍നിന്ന് പുറന്തള്ളാനുള്ള നീക്കമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.

ജൂണ്‍ 24നാണ് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരിക്കല്‍ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനുമുന്‍പ് 2003ലാണ് സമഗ്രപരിഷ്‌കരണം വന്നത്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലായ് 25നകം എന്യുമറേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശം. ആഗസ്റ്റ് ഒന്നിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *