തിരുവനന്തപുരം: തിരുവല്ലത്ത് രണ്ട് പേര് മരിച്ച ബൈക്ക് അപകടവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയന്‍കീഴ് സ്വദേശി വിഷ്ണുവിനെയാണ് കസ്റ്റഡിയിലെടുത്തത്. വിഷ്ണു ഓടിച്ചിരുന്ന കാര്‍ ബൈക്കില്‍ തട്ടിയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് കഴക്കൂട്ടം യുഎസ്ടി ഗ്ലോബല്‍ ജീവനക്കാരനായ എറണാകുളം വാഴപ്പള്ളി സ്വദേശി നവീന്‍ സിബി (25), കഴക്കൂട്ടം കിന്‍ഫ്രയിലെ ജീവനക്കാരി തൊടുപുഴ മുട്ടം സ്വദേശി മൃദുല ആന്‍ ഉമ്മന്‍ (25) എന്നിവര്‍ മരിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
താന്‍ ഓടിച്ച കാര്‍ ബൈക്കില്‍ തട്ടിയത് വിഷ്ണു അറിഞ്ഞിരുന്നു. എന്നാല്‍, അപകടം കണ്ട് ഭയന്നതിനാലും ആളുകള്‍ ഉപദ്രവിക്കുമോ എന്ന് പേടിച്ചതിനാലുമാണ് വാഹനം നിര്‍ത്താതെ പോയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്കി. കാര്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ തട്ടുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു.
ബൈക്കിന്റെ ഹാന്‍ഡിലില്‍ കാറിന്റെ പെയിന്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ഓടിച്ച വിഷ്ണുവിനെ പൊലീസ് തിരിച്ചറിഞ്ഞത്.
