കാസർകോട്: മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുൻപ് വേദിയിൽ ഇരുന്ന സംഭവത്തിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കെ. മുരളീധരൻ. സംഭവത്തെച്ചൊല്ലി ബി.ജെ.പി നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സർക്കാർ പരിപാടികളിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളുടെ അജണ്ടയിൽ ഈശ്വരപ്രാർത്ഥന മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത്തരം ചടങ്ങുകളിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. വന്ദേമാതരം ചൊല്ലുമ്പോൾ ഇരുന്നതുമായി ബന്ധപ്പെട്ട് നിയമനടപടികൾ നേരിടേണ്ടി വന്നാൽ അത് നേരിടാൻ പൂർണ്ണ സജ്ജനാണെന്നും, സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ (നവംബർ 9) നടന്ന പൊതുചടങ്ങിൽ ജില്ലാ കളക്ടർ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കല്ലട്ര മാഹിൻ എം.എൽ.എ എന്നിവരും വേദിയിലുണ്ടായിരുന്നു. അതേസമയം, വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതുവരെ എ.കെ.എം. അഷറഫ് എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലും എഴുന്നേറ്റു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *