ബെംഗളൂരു: ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദുരന്ത ബാധിതര്‍ക്ക് 100 വീടുകള്‍ വെച്ച് നല്‍കാമെന്ന വാഗ്ദാനത്തില്‍ കേരള സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് കത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഒരു ആശയവിനിമയവും പിന്നീട് ഉണ്ടായില്ല.
കേരളം പ്രതികരിക്കാത്തതിനാല്‍ പുനരധിവാസ പദ്ധതി തടസ്സപ്പെടുന്നുവെന്നും കത്തിലുണ്ട്. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കര്‍ണാടകത്തിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും ഒരുമിച്ച് പുനര്‍നിര്‍മാണം നടത്തുമെന്നും സിദ്ധരാമയ്യ നേരത്തെ എക്‌സില്‍ കുറിച്ചിരുന്നു.
അതേസമയം, വയനാടിനുള്ള സഹായം വൈകുന്നതില്‍ കേന്ദ്രത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു. ദുരന്തം കുറവായ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നു. എന്നാല്‍ അതിലും വലിയ ദുരന്തമുണ്ടായ കേരളത്തോട് മുഖം തിരിക്കുന്നു. മോദി സര്‍ക്കാര്‍ പത്ത് വര്‍ഷമായി സംസ്ഥാനത്തെ ശിക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.