തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ രംഗത്ത്. “ഇത്രയും രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇത് എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തതുപോലെയായി. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകുന്നില്ല,” മുരളീധരൻ തുറന്നടിച്ചു. യുഡിഎഫ് യോഗം വിളിച്ചു കൂട്ടുക എന്നതാണ് കൺവീനറുടെ ചുമതലയെന്നും, പാർട്ടിയുടെ നിലപാട് പറയാൻ കെപിസിസി പ്രസിഡന്റുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ കോൺഗ്രസിന്റെ നിലപാട് പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയതാണ്. എന്നിരുന്നാലും, അടൂർ പ്രകാശിന്റെ പ്രതികരണം പോളിംഗിനെ ബാധിച്ചിട്ടില്ലെന്നും മുരളീധരൻ അവകാശപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യുഡിഎഫിന് സാധ്യതകൾക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്ന് കെ. മുരളീധരൻ അവകാശപ്പെട്ടു. പോളിംഗ് ശതമാനം കുറഞ്ഞതിന് പ്രധാന കാരണം വോട്ടർ പട്ടികയിലുണ്ടായ ആശയക്കുഴപ്പമാണ്. “കഴിഞ്ഞ തവണ വോട്ട് ചെയ്ത പലർക്കും ഇത്തവണ വോട്ട് ഇല്ല. വഞ്ചിയൂരിൽ അവസാന ദിവസം ചേർത്ത ഇരട്ട വോട്ടുകൾ പരിശോധിക്കാൻ പോലും സമയം കൊടുത്തില്ല,” അദ്ദേഹം ചൂണ്ടിക്കാട്ടി. ചില മേഖലകളിൽ ബിജെപിക്ക് നിസ്സംഗതയുണ്ടായിരുന്നുവെന്നും, സിപിഎമ്മിന് പഴയതുപോലെയുള്ള കേഡർ സിസ്റ്റം നിലവിലില്ലെന്നും അദ്ദേഹം വിമർശിച്ചു. മൊത്തത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ യുഡിഎഫിന് 50-ൽ അധികം സീറ്റുകൾ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയും കെ. മുരളീധരൻ പങ്കുവെച്ചു.
