കൊച്ചി: കേരള സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച്, വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം തേടാനെന്ന വ്യാജേന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഖജനാവില്‍ നിന്നും പണം ചെലവളിച്ചാണ് വികസനകാര്യങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായം തേടാന്‍ സ്വന്തം പാര്‍ട്ടിക്കാരെ വോളന്റിയര്‍മാരാക്കി, സര്‍ക്കാരില്‍ നിന്നും പണം നല്‍കി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വീടുകളിലെത്തിക്കാനുള്ള ലഘുലേഖകളുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. അവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു വിരോധവുമില്ല. പക്ഷെ ഖജനാവില്‍ നിന്നും പണം എടുത്ത് ഈ പരിപാടി നടത്തിയാല്‍ ഏതറ്റംവരെയും നിയമയുദ്ധം നടത്തി ആ പണം തിരിച്ചടയ്പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ചെലവില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തേണ്ട. പത്ത് കൊല്ലം ഭരിച്ചിട്ടാണോ വികസനത്തെ കുറിച്ച് ജനങ്ങളോട് അഭിപ്രായം ചോദിക്കാന്‍ പോകുന്നത്? പത്ത് വര്‍ഷം ജനങ്ങളോട് ചോദിക്കാത്ത അഭിപ്രായം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പോകുന്നതിന്റെ തലേ മാസം വീടുകളില്‍ കയറിയങ്ങുന്നത് വ്യാജമാണ്. സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ലഘുലേഖകള്‍ വീടുകളില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ ഈ പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നല്‍കിയ കത്ത് പുറത്ത് വന്നിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാരില്‍ നിന്നും പണം നല്‍കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന രീതി കേരളത്തില്‍ വിലപ്പോകില്ല.

ലോക്കല്‍ ബോഡിയിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുകയാണ്. സി.ഐ.ടി.യുവിന്റെ കത്താണ് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു വേണ്ടി മന്ത്രി ഫേര്‍വേഡ് ചെയ്തിരിക്കുന്നത്. ആ പരിപാടിയും നടക്കില്ല. കോടതി ഉത്തരവനുസരിച്ച് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ല. നിരവധി താല്‍ക്കാലിക ജീവനക്കാര്‍ വിവിധ വകുപ്പുകളിലുണ്ട്. അവരെയൊക്കെ സ്ഥിരപ്പെടുത്തണം. പക്ഷെ സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ച് തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് പാര്‍ട്ടിക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണ്. സ്വന്തം പാര്‍ട്ടിക്കാരെ ഖജനാവില്‍ നിന്നും കോടികള്‍ നല്‍കി സഹായിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് മുഖ്യമന്ത്രിയോട് ആഭ്യര്‍ത്ഥിക്കുകയാണ്. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇപ്പോള്‍ ചെലവഴിക്കുന്ന പണം പാര്‍ട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കും.

കോണ്‍ഗ്രസ് സ്വീകരിച്ചതു പോലെ ഒരു നടപടി ഏതെങ്കിലും ഒരു പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ. ഒരു പരാതി പോലും ഇല്ലാതെയാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. പരാതി കിട്ടയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മന്ത്രി രാജീവിനോട് സ്വന്തംപാര്‍ട്ടിയില്‍ ഇതുപോലുള്ള എത്ര പേരുണ്ടെന്ന് അന്വേഷിക്കാന്‍ പറ. എം.എല്‍.എ സ്ഥാനം ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസിന് ആവശ്യപ്പെടാനാകില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയിലില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ എന്റെ നിലപാട് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. അതിന്റെ പേരില്‍ വ്യക്തിപരമായി വേട്ടയാടപ്പെട്ട ആളാണ് ഞാന്‍. അപ്പോഴൊന്നും കുലുങ്ങിയില്ല. ചെയ്യാനുള്ള കാര്യം നേരത്തെ തന്നെ എന്റെ പാര്‍ട്ടി ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ഞാന്‍ ഒറ്റയ്ക്ക് എടുത്തതല്ല. എല്ലാം പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനങ്ങളാനിന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചിയില്‍ ആരെയെങ്കിലും മേയര്‍ ആക്കണമെന്ന് ഒരു സഭയും ആവശ്യപ്പെട്ടിട്ടില്ല. പ്രത്യേകിച്ചും ലത്തീന്‍ സഭ. നിയമസഭ സീറ്റില്‍ ആരെയെങ്കിലും നിര്‍ത്തണമെന്നു പോലും അവര്‍ ആവശ്യപ്പെട്ടിട്ടില്ല. കൊച്ചി മേയര്‍ ആ സമുദായത്തിലെ അംഗം പോലുമല്ല. പിന്നെ എന്തിനാണ് വിവാദം? ലത്തീന്‍ സഭയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. എനിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ചതും ലത്തീന്‍ സമുദായാംഗമാണ്. അവര്‍ ഒന്നിലും ഇടപെടാറില്ല. തീരപ്രദേശത്തെ വിഷയങ്ങളിലും മനമ്പത്തെ വിഷയത്തിലുമാണ് അവര്‍ ഇടപെടുന്നത്. വേറൊന്നും ഇല്ലെങ്കില്‍ ഇതും വിവാദമാക്കാമെന്നാണ് ചില മാധ്യമങ്ങള്‍ കരുതുന്നത്. കെ.പി.സി.സി നടപടിക്രമം പാലിച്ചാണ് മേയറെ കണ്ടെത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടണം. തന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ എങ്ങനെയാണ് പ്രതി ആയതെന്ന് പറയാനുള്ള ബാധ്യത എസ്.ഐ.ടിക്കുണ്ട്. മന്ത്രിയെ അറസ്റ്റ് ചെയ്താലും തന്ത്രിയെ അറസ്റ്റ് ചെയ്താലും പങ്കാളിത്തം എന്താണെന്ന് പറയണം. മുന്‍ ദേവസ്വം പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. നാളെ മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്താലും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണം. എസ്.ഐ.ടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് പ്രതിപക്ഷം അതിനെ വിമര്‍ശിച്ചത്. ഇക്കാര്യം കോടതിയും പറഞ്ഞിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം.

Leave a Reply

Your email address will not be published. Required fields are marked *