കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധിയിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്നു എന്ന് ആരോപിച്ച കോന്നി എംഎൽഎ ജനീഷ് കുമാർ .എംഎൽഎയ്ക്ക് ഓഫീസിൽ പരിശോധന നടത്താൻ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും എംഎൽഎ ആരോപിച്ചു.എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും.ഒരു ചാനലിൽ നിന്ന് പ്രതികരണം തേടിയ ഘട്ടത്തിലാണ് താൻ എഡിഎമ്മിനെ വിളിച്ചത്. അദ്ദേഹത്തോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് അദ്ദേഹം തയ്യാറായില്ല. ജനം ബഹളം വെക്കുന്നതറിഞ്ഞാണ് താൻ താലൂക്ക് ഓഫീസിൽ എത്തിയത്. അപ്പോഴും മാന്യത കാട്ടിയിരുന്നു. 21 പേർ അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. അത്രയും പേർ അവിടെയുണ്ടായിരുന്നില്ല. മൂവ്മെന്റ് രജിസ്റ്റർ താൻ പരിശോധിച്ചിട്ടില്ല. എ ഡി എം പരിശോധിക്കാൻ വന്നപ്പോൾ തന്നെ വിളിച്ചില്ല. പരിശോധന കഴിഞ്ഞ് മടങ്ങിയ എഡിഎം താൻ വിളിച്ചപ്പോൾ പ്രതികരിച്ചിട്ടില്ല. എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും കെയു ജനീഷ് കുമാർ കുറ്റപ്പെടുത്തി.വിനോദയാത്ര പോയ ബസ്, ക്വാറി ഉടമയുടേതെന്ന് എംഎൽഎ പറഞ്ഞു. ഇതിനിടയാക്കിയ സാഹചര്യം പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും മുകളിലാണോ ക്വാറി മുതലാളിയെന്ന് കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *