കോന്നി: കോന്നി റീജിയണല്‍ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതില്‍ മനംനൊന്ത് നിക്ഷേപകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തില്‍ അമിതമായി ഗുളികകള്‍ ചേര്‍ത്തു കഴിച്ച പത്തനംതിട്ട കോന്നി പയ്യനാമണ്‍ സ്വദേശി ആനന്ദന്‍ ( 64 ) വെന്റിലേറ്ററില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന കോന്നി റീജ്യണല്‍ സഹകരണ ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപയാണ് ആനന്ദന് കിട്ടാനുണ്ടായിരുന്നത്. മുന്‍ഗണനാ ക്രമത്തില്‍ പണം നല്‍കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും നടപ്പായിരുന്നില്ല.
ഇന്നലെയും പണം ചോദിച്ച് ആനന്ദന്‍ ബാങ്കില്‍ പോയിരുന്നുവെന്നും എന്നാല്‍ പണം കിട്ടിയില്ലെന്നും മകള്‍ സിന്ധു പറഞ്ഞു. ഈ മനോവിഷമത്തില്‍ വീട്ടിലെത്തിയ ശേഷമാണ് മദ്യത്തില്‍ ഗുളികകള്‍ ചേര്‍ത്ത് കഴിച്ചത്. മദ്യപിക്കാത്ത ആളാണ് ആനന്ദനെന്നും മകള്‍ പറഞ്ഞു.