നിർമാതാവിൽ നിന്ന് പണം വാങ്ങി മുങ്ങിയെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണത്തിന് മറുപടിയുമായി നടന്‍ ആന്റണി വർഗീസ് പെപ്പെ. ജൂഡിന്റെ ആരോപണം വ്യക്തിഹത്യയാണെന്നും തന്റെ കുടുംബത്തെ അപമാനിക്കുന്നതാണെന്നും ആന്റണി വർഗീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷത്തെ വ്യത്യാസത്തിലാണ് നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയതും സഹോദരിയുടെ വിവാഹം നടന്നതും. അപ്പോൾ പ്രതികരിച്ചില്ലെന്നും കാത്തിരുന്ന് ഒരു സിനിമ വിജയിച്ചപ്പോൾ ജൂഡ് ഒരു പാവപ്പെട്ടവൻ്റെ കഞ്ഞിയിൽ പാറ്റയിടാൻ നോക്കിയെന്നും പെപ്പെ ആരോപിച്ചു
സിനിമയിൽ അഭിനയിക്കാമെന്ന കരാറിൽ ആന്റണി തന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തി, ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു ജൂഡിൻ്റെ ആരോപണം.

ജൂഡ് ഇത്തരത്തിലൊരു പരാമർശം നടത്താൻ പാടിലായിരുന്നെന്നും ഭാര്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമില്‍ പോലും പെങ്ങളുടെ കല്യാണം നടത്തിയത് പറ്റിച്ച പണം കൊണ്ടാണെന്ന പരാമർശം വിഷമിപ്പിച്ചുവെന്നും നടൻ പറഞ്ഞു.

ജൂഡ് സഹോദര സ്ഥാനീയനായിരുന്നു. തന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്റെ പേരടക്കമാണ് ജൂഡ് പരാമർശിച്ചത്. ഇത് വ്യക്തിഹത്യയാണ്. ശാപം കൊണ്ട് ആ സിനിമ ഇറങ്ങിയില്ല എന്ന് പോലും പറഞ്ഞു. യോഗ്യതയില്ലെന്നും കഴിവില്ലെന്നും ജൂഡ് കുറ്റപ്പെടുത്തിയിരുന്നു. തന്റെ യോഗ്യത നിർണയിക്കാൻ ആർക്കും കഴിയില്ല. പെല്ലിശ്ശേരി ഇല്ലെങ്കിൽ തനിക്ക് ജീവിക്കാൻ ഉള്ള വകുപ്പ് പോലും ഇല്ലെന്ന പരാമർശവും തന്നെ വേദനപ്പെടുത്തി. ജൂഡും തന്നെ പോലെ ആരെങ്കിലും അവസരം തന്നു വന്നതാണെന്ന് ഓർക്കണമെന്നും പെപ്പെ പറഞ്ഞു.

‘നിർമ്മാതാവ് പണം നൽകിയത് 2020 ഫെബ്രുവരി 27നാണ്. കല്യാണം നടന്നത് ഒരു വർഷത്തിന് ശേഷവും. അപ്പോൾ പ്രതികരിക്കാതെ പടം വിജയിച്ചപ്പോൾ ആരോപണവുമായി വന്നിരിക്കുകയാണ്. അന്ന് ജൂഡ് നൽകിയ കരാറിൽ തിയതി ഇല്ല. തിരക്കഥ പൂർത്തിയാകുമ്പോൾ തിയതി തീരുമാനിക്കാം എന്ന് പറഞ്ഞു. രണ്ടാം പാതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി. ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞു. അതുകൊണ്ടാണ് ചിത്രത്തിൽ നിന്ന് പിന്മാറിയത്’, പെപ്പെ വ്യക്തമാക്കി. തന്റെ ഭാവിയെ ബാധിക്കുന്ന വിഷയമാണ് ഇത്. ഒത്തു തീർപ്പായ വിഷയത്തിൽ വെറുതെ കുടുംബത്തെ വലിച്ചിഴച്ചു. പെങ്ങളെ പറഞ്ഞതിന് നീതി കിട്ടണമെന്നും പെപ്പെ പറഞ്ഞു. 2018 മികച്ച ചിത്രമാണ്. ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നതിന് പകരം മറ്റൊരാളുടെ ജീവിതം വഴി മുടക്കുകയാണ്. ആരോപണങ്ങളിൽ ദേഷ്യമില്ല, വിഷമം മാത്രമാണുള്ളതെന്നും പെപ്പെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *