കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇ.ഡി അന്വേഷണം.സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ മുടക്കിയയാള്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന പരാതിയിലാണ് അന്വേഷണം. നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇ.ഡി ചോദ്യം ചെയ്തു. നടന്‍ സൗബിന്‍ ഷാഹിറിനെയും ചോദ്യം ചെയ്യും.

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിനിമ നിര്‍മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ കാണിച്ചത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്. സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നല്‍കിയിട്ടില്ല. ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ത്ഥം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോള തലത്തില്‍ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷന്‍ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *