കെനിയയിലെ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ അടിയന്തര പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ കെനിയയില്‍ ഉറപ്പാക്കണം എന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അപകട സമയത്ത് അടിയന്തരമായി ഇടപെട്ട നെയ്റോബിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുള്ള നന്ദിയും മുഖ്യമന്ത്രി കത്തില്‍ രേഖപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ പിന്തുണ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കെനിയയില്‍ ടൂറിസ്റ്റം സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് മലയാളികളാണ് മരിച്ചത്. ഖത്തറില്‍ നിന്നാണ് സംഘം കെനിയയിലേക്ക് വിനോദയാത്ര പോയത്. 14 മലയാളികള്‍ സംഘത്തിലുണ്ടായിരുന്നു. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. കര്‍ണാടക, ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.