കൊച്ചി ഏലൂര്‍ വ്യവസായ മേഖലയിലെ മാലിന്യ പ്രശ്നങ്ങള്‍ പഠിക്കാനുളള ഉദ്യോഗസ്ഥ സംഘത്തിന്‍റെ പരിശോധന തുടങ്ങി. മേഖലയില്‍ ആരോഗ്യ സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് പരിസ്ഥിതി സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘത്തിന്‍റെ പരിശോധന. ആദ്യ ദിന പരിശോധനയില്‍ തന്നെ പ്രധാന കമ്പനികളിലടക്കം ഗുരുതര മാലിന്യ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്ന് സംഘത്തിനൊപ്പമുണ്ടായിരുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.വ്യവസായ മാലിന്യങ്ങളില്‍ നിന്നുളള ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഏലൂര്‍ വ്യവസായ മേഖലയില്‍ ആരോഗ്യ സര്‍വേ എന്ന ആവശ്യം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിസ്ഥിതി സെക്രട്ടറി രത്തന്‍ ഖേല്‍ക്കറിന്‍റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘം ഏലൂര്‍ മേഖലയിലെ വ്യവസായ ശാലകള്‍ പരിശോധിച്ചത്. സിഎംആര്‍ല്‍ ഉള്‍പ്പെടെ പത്തിലേറെ സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. പല സ്ഥാപനങ്ങളിലെയും എഫ്ളുവന്‍റ് ട്രീറ്റ്മെന്‍റ് പ്ലാന്‍റുകളിലെ പിഎച്ച് മൂല്യം അനുവദനീയമാതിലും ഉയര്‍ന്ന തോതിലായിരുന്നെന്ന് സമിതിക്ക് നേരിട്ട് ബോധ്യപ്പെട്ടതായി സംഘത്തിനൊപ്പമുണ്ടായിരുന്ന പരിസ്ഥി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പരിശോധനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥ സംഘം തയാറായിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ ശേഷമാകും അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *