തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടതിനെ വിമര്‍ശിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന് മറുപടിയുമായി കെ.പി ശശികല. ‘മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ’ എന്നാണ് ശശികല ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്. ബംഗാളിലും ത്രിപുരയിലും ഒക്കെ കൊടുത്ത ആ മരുന്ന് ഇവിടെയും മോന് കൃത്യമായി കിട്ടും. അതോടെ മോന്റെ അസുഖം പൂര്‍ണ്ണമായും മാറും -പോസ്റ്റില്‍ പരിഹസിക്കുന്നു.

‘മോനേ ശിവകുമാരാ, മോന്റെ അസുഖം ഞങ്ങള്‍ക്ക് പിടികിട്ടി. മദനിയെക്കാത്ത് മോന്റപ്പൂപ്പന്മാര്‍ വേദിയില്‍ തൊഴുതിരുന്നപ്പോള്‍ മോന് ഈ ഏനക്കേട് ഉണ്ടായിരുന്നില്ല. മദനിയുടെ ഫ്‌ലക്‌സ് സഖാക്കളുടെ തലയില്‍ കയറ്റി വെച്ചപ്പോഴും മോന് വിഷമം ഉണ്ടായിരുന്നില്ല. മോനുള്ള മരുന്ന് ഈ സമൂഹം തരും. ഇത്തിരി വൈകിയാലും തരും. മോന്റെ നേതാക്കള്‍ മുഖ്യമന്ത്രിമാരാകുമ്പോഴും ഞങ്ങള്‍ പലവട്ടം പോയി കണ്ടിട്ടുണ്ട് ട്ടോ’ -ശശികല പോസ്റ്റില്‍ പറയുന്നു.

വര്‍ഗീയത പറയുന്നവര്‍ക്ക് പരവതാനി വിരിക്കരുതെന്ന് പറഞ്ഞ അതേ വി.ഡി സതീശന്‍ ഇന്ന് കേരളത്തെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന വര്‍ഗീയ വിഷങ്ങളെ ക്ഷണിച്ച് ഒപ്പം ചേര്‍ത്ത് നിര്‍ത്തി പാലൂട്ടുകയാണെന്നായിരുന്നു എം. ശിവപ്രസാദിന്റെ വിമര്‍ശനം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച അഭിനവ കേരള മതേതരവാദിക്ക് കയ്യടിച്ച ലീഗുകാരും കോണ്‍ഗ്രസുകാരും നാളെ മൗന ദിനമായി ആചരിക്കുമെന്നും ശിവപ്രസാദ് പരിഹസിച്ചിരുന്നു.

ഇന്നലെയാണ് കെ.പി ശശികലയുടെയും ആര്‍.വി ബാബുവിന്റെയും നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *