ചേർത്തല: കണക്ഷൻ വിച്ഛേദിക്കാനെത്തിയ കേരള വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത്. ചേർത്തല വാട്ടർ അതോറിട്ടി പി എച്ച് സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ പരാതിയിലാണ് നടപടി.

മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയശേഷമാണ് കണക്ഷൻ വിച്ഛേദിക്കുന്നതിനായി ജൂലൈ ഒൻപതിന് ഉച്ചയ്ക്ക് രണ്ടേകാലോടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച പ്രതി വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയറെയും ഡ്രൈവറെയും ആക്രമിക്കാൻ ശ്രമിച്ചു. തടയാനെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറെ തള്ളുകയും ഡ്രൈവറുടെ ഇടത് കവിളിൽ അടിക്കുകയും നെഞ്ചിൽ പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

ഉദ്യോഗസ്ഥരെ മർദിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത മുഹമ്മ പൊലീസ്, സബ് ഇൻസ്പെക്ടർ ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. 

Leave a Reply

Your email address will not be published. Required fields are marked *