സ്വർണ്ണപ്പാളി വിവാദത്തിൽ സർക്കാർ നയം മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുറ്റക്കാർ എത്ര വമ്പനായാലും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തെളിവില്ലാതെ പ്രതിപക്ഷം എന്തും വിളിച്ചു പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടാതെ സ്വർണ്ണപ്പാളി വിവാദം മുക്കാനാണ് ഇഡി റെയ്ഡെന്ന സുരേഷ് ഗോപിയുടെ വാദത്തിലും മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു.
സമനില തെറ്റിയ അഭിപ്രായമാണ് സുരേഷ് ഗോപി നടത്തിക്കൊണ്ടിരിക്കുന്നതെന്നും, അതിൽ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പേരാമ്പ്രയിലുണ്ടായ സംഭവം അതിശയോക്തിപരമായ കാര്യമായി തനിക്ക് തോന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
കേരള രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ സംഭവല്ല ഇത്, പൊതുപ്രവർത്തന രംഗത്ത് നിൽക്കുമ്പോൾ താനും ഒരുപാട് മർദ്ദനം ഏറ്റിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
