ഹൈദരാബാദ്: പ്രാദേശിക വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ടറെ മൈക്ക് പിടിച്ചുവാങ്ങി തല്ലിയെന്ന പരാതിയില്‍ തെലുങ്ക് നടനും നിര്‍മാതാവുമായ മോഹന്‍ ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി ജല്‍പ്പള്ളിയില്‍ മോഹന്‍ ബാബുവിന്റെ വസതിയില്‍ എത്തിയ റിപ്പോര്‍ട്ടറാണ് ആക്രമിക്കപ്പെട്ടത്. മോഹന്‍ ബാബുവും മകന്‍ മഞ്ചു മനോജും തമ്മിലുള്ള വഴക്ക് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയെത്തിയത്. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് ജേണലിസ്റ്റ് യൂനിയന്‍ മോഹന്‍ ബാബുവിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

മഞ്ചു മനോജ് വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് തള്ളിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകനെ മോഹന്‍ ബാബു മൈക്ക് ഉപയോഗിച്ച് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

മനോജും ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയും ബലപ്രയോഗത്തിലൂടെയും ജല്‍പള്ളിയിലെ വീട് കൈവശപ്പെടുത്താന്‍ പദ്ധതിയിടുന്നതായി ആരോപിച്ച് തിങ്കളാഴ്ച മോഹന്‍ബാബു പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മഞ്ചു കുടുംബത്തിലെ പൊട്ടിത്തെറി പരസ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *