രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് താൻ പിന്മാറിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനികാന്ത്. പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോ. രാജന്‍ രവിചന്ദ്രന്‍റെ സാപ്പിയന്‍സ് ഫൗണ്ടേഷന്റെ 25-ാം വാർഷികവേളയിലാണ് രജനി ഈ കാര്യം വെളിപ്പെടുത്തിയത്. രാജൻ രവിചന്ദ്രന്റെ ഉപദേശത്തെ തുടർന്നാണ് സജീവ രാഷ്ട്രീയത്തിലിറങ്ങാനുള്ള തന്റെ തീരുമാനം മാറ്റിയതെന്ന് രജനി പറഞ്ഞു.

‘ഞാന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും എന്ന് പ്രഖ്യാപിച്ച് ഉടൻ ആണ് ലോകം രണ്ടാം കൊവിഡ് തരംഗത്തിന് സാക്ഷിയാകുന്നത്. 2020 ഡിസംബറിലായിരുന്നു അത്. ഞാന്‍ എന്‍റെ കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മയോ ക്ലിനിക്കില്‍ നടത്തിയ ശേഷം പ്രതിരോധ മരുന്നുകള്‍ കഴിക്കുന്ന കാലമായിരുന്നു അത്. എങ്കിലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും എനിക്ക് പിന്നോട്ട് പോകാന്‍ സാധിക്കില്ലായിരുന്നു.

ഇത് സംബന്ധിച്ച് അന്ന് ഡോ. രാജനുമായി ചര്‍ച്ച നടത്തി. എന്‍റെ രാഷ്ട്രീയ പ്രവേശന തീരുമാനത്തോട് അദ്ദേഹം യോജിച്ചില്ല. എന്‍റെ തീരുമാനം മാറ്റുന്നില്ലെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ യോഗത്തിലും മാസ്ക് ധരിക്കണം. ജനങ്ങളില്‍ നിന്നും പത്ത് അടി മാറിനില്‍ക്കണം. എന്നാല്‍ ഈ രണ്ട് വ്യവസ്ഥകളും അസാധ്യമായിരുന്നു. ജനങ്ങള്‍ എന്നെ മാസ്ക് ഇല്ലാതെ കാണാന്‍ ആവശ്യപ്പെടും. ജനങ്ങള്‍ കൂട്ടത്തോടെ എത്തുന്ന വേദികളില്‍ ദൂരം പാലിക്കാന്‍ സാധിക്കില്ല.

എന്നാല്‍ ഞാന്‍ ഈ കാര്യത്താല്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നില്ലെന്ന് പറഞ്ഞാല്‍ രജനികാന്തിന് രാഷ്ട്രീയം പേടിയാണ് എന്ന് അവര്‍ പറയും, എന്‍റെ വില പോകും ഇത്തരത്തില്‍ ഞാന്‍ തീര്‍ത്തും ആശയകുഴപ്പത്തിലായിരുന്നു. എന്നാല്‍ എനിക്ക് വേണ്ടി ആരോഗ്യ കാര്യം മാധ്യമങ്ങളോടും, ആരാധകരോടും താൻ പറയാം എന്ന് പറഞ്ഞ് അദ്ദേഹം മുന്നോട്ടുവന്നു. അങ്ങനെയാണ് ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള ശ്രമം ഒഴിവാക്കിയത്’, രജനികാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *