തിരുവനന്തപുരം: 1925 ല്‍ മഹാത്മാഗാന്ധിയും ശ്രീനാരയണ ഗുരുവും നടത്തിയ സമാഗമം ഒരു ജനതയുടെയാകെ ഭാഗ്യമായി മാറുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേര് നേരിനെ കൈ പിടിച്ചണച്ച, ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ ഏറ്റവും പ്രധാനമായ കൂടിക്കാഴ്ചയായിരുന്നു അതെന്നും ശിവഗിരിയില്‍ നടന്ന ചരിത്രപ്രസിദ്ധമായ ഗാന്ധി-ഗുരു സംഭാഷണത്തിന്റെ നൂറാം വാര്‍ഷിക ദിനത്തില്‍ വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെയും ശിവഗിരി മഠത്തിന്റെയും നേതൃത്വത്തില്‍ ഇന്ന് വിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വി.ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
1925 ല്‍ കേരളത്തില്‍ അതിമഹത്തായ ഒരു സമാഗമം നടന്നു. മാര്‍ച്ച് 12ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ഗാന്ധി ഗുരുവിനെ കാണാനെത്തി. ശിവഗിരി കുന്നുകളില്‍ പരിപാവനമായ ആ മുഹൂര്‍ത്തം.
അവിടെ ആത്മീയത രാഷ്ട്രീയത്തെ തൊട്ടു.
സാമൂഹിക പരിവര്‍ത്തനത്തിന്റെയും വിപ്ലവ സമരത്തിന്റെയും നദികള്‍ ഒഴുകിച്ചേര്‍ന്നു.
നേര് നേരിനെ കൈ പിടിച്ചണച്ചു. ആധുനിക കേരളത്തെയും ഇന്ത്യയെയും രൂപപ്പെടുത്തിയ ഏറ്റവും പ്രധാനമായ കൂടിക്കാഴ്ചയായിരുന്നു അത്.
ആത്മീയതയുടെ നറും വെളിച്ചം, ആഴത്തിലുള്ള അവബോധം, അദ്വൈതത്തിന്റെ പൊരുള്‍ കണ്ടെത്തിയ ഉള്‍ക്കണ്ണ്, സമൂഹത്തിലെ ഇരുട്ടിനെ അപ്പാടെ അടിച്ചു പറത്തിയ കൊടുങ്കാറ്റ്, കവി, പരിഷ്‌ക്കര്‍ത്താവ്, നായകന്‍ എല്ലാം ചേര്‍ന്ന മഹാസാഗരമാകുന്നു ഗുരു.
ഗാന്ധിയോ? ഖദറിന്റെ ശുഭ്രതയും രാഷ്രീയ ബോധ്യങ്ങളുടെ ഉജ്വലതയും ഗ്രാമ സ്വരാജിന്റെ പ്രായോഗികതയും ഉലയാത്ത സ്ഥൈര്യവും ചേര്‍ന്ന കര്‍മ്മയോഗി.
എന്തായിരിക്കാം ഇവര്‍ പരസ്പരം പറഞ്ഞത്? കേട്ടത്? മൗനങ്ങളിലൂടെ ഉള്ളിലേക്ക് പകര്‍ന്നത്.
ഗുരുവിനെ കണ്ടത് ജീവിതത്തിലെ മഹാഭാഗ്യമായെന്ന് ഗാന്ധി പറഞ്ഞു. ഇരുവരും കണ്ടത് ഒരു ജനതയുടെ ആകെ ഭാഗ്യമായി മാറി.
ഒരു വൃക്ഷത്തിലെ ശാഖകളും ഇലകളും വ്യത്യസ്തമായിരിക്കും. എന്നാല്‍ എല്ലാവരുടെയും ഉള്‍കാമ്പിലുള്ള മനുഷ്യത്വം ഒന്നാണ്. അതുമാത്രമാണ് മനുഷ്യന്റെ ജാതി, അതു മാത്രം. അത് ഏകമാണ്… ഗുരു പറഞ്ഞു നിര്‍ത്തി.
വിളക്കില്‍ നിന്ന് പ്രകാശം പകരും പോലെ ഗാന്ധിയുടെ കണ്ണുകളില്‍ ഒരു പ്രഭാതം ഉദിച്ചു. പിന്നീട് വന്ന എത്രയോ തീക്ഷ്ണ സമരങ്ങള്‍ക്ക്, നിലപാടുകള്‍ക്ക്, തിരുത്തലുകള്‍ക്ക് ഗുരു പകര്‍ന്ന വെളിച്ചം ഗാന്ധിക്ക് വഴിതെളിച്ചു, കരുത്തു പകര്‍ന്നു, തണലായി. ഗുരു ഗാന്ധിയെ ഒരു ഖദര്‍മാല അണിയിച്ച് ആശംസകള്‍ നേര്‍ന്നു. ഗാന്ധി ഭക്തിയോടെ പ്രണമിച്ചു. ആ കൂടിക്കാഴ്ചയും ശിവഗിരിയില്‍ ചെലവഴിച്ച ഒരു ദിവസവും ഗാന്ധി ഹൃദയത്തിലണിഞ്ഞു. ചരിത്രമായ ആ കൂടിക്കാഴ്ചയ്ക്ക് ഇന്ന് നൂറ് വയസ്.