കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 400 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. കാസര്‍കോട് കാളിമുഖം സ്വദേശിയായ അബ്ദുല്‍ സാക്കിറാണ് അറസ്റ്റിലായത്.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തിരാങ്കാവ് പോലീസും ഡാന്‍സാഫ് (ഉഅചടഅഎ) സംഘവും ചേര്‍ന്ന് ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മൈസൂരില്‍ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.


പരിശോധനയില്‍ 16 ചാക്കുകളിലായി ഒളിപ്പിച്ച നിലയില്‍ ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന ഹാന്‍സും കൂളും ഉള്‍പ്പെടെ 15,000-ലധികം പാക്കറ്റുകള്‍ കണ്ടെത്തി. മൊത്തം 400 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്.
മാസത്തില്‍ പത്തോളം തവണ സമാന രീതിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘം രാപ്പകല്‍ ഭേദമില്ലാതെ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *