സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസില്‍ നേരത്തെ പൊലീസ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ആ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2020ല്‍ വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയിലും സമര്‍പ്പിച്ചിരിക്കുന്നത്.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇടപാടിനെ സംബന്ധിച്ച് പാപ്പച്ചന്‍ എന്ന വ്യക്തി നല്‍കിയ പരാതിയില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസിന്റെ സി- ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനം സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാര്‍ക്കും ഇഡി നോട്ടീസ് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *