കോഴിക്കോട് : വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങള്‍ വിദഗ്ധ സംഘം ഇന്ന് സന്ദര്‍ശനം നടത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷനിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് മേഖലയില്‍ പരിശോധന നടത്തുക. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകള്‍ സംഘം കണ്ടെത്തും.
വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇവിടെ തുടര്‍താമസം സാധ്യമാകുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. വിലങ്ങാട് കഴിഞ്ഞ ദിവസം തുടങ്ങിയ ഡ്രോണ്‍ പരിശോധന ഇന്നും തുടരും. വിലങ്ങാട് പല ഇടങ്ങളിലായി നൂറിലധികം ഉരുള്‍പൊട്ടല്‍ പ്രഭവ കേന്ദ്രങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അടിച്ചിപ്പാറ, മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, പാനോം ഭാഗങ്ങളിലാണ് സര്‍വേ പൂര്‍ത്തിയായത്. ശേഷിച്ച സ്ഥലങ്ങളില്‍ ഇന്ന് ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തും. വിലങ്ങാട്ടുണ്ടായ ഉരുള്‍പൊട്ടലില്‍ സംഭവിച്ച നാശനഷ്ടത്തിന്റെ വിവരങ്ങള്‍ കൈമാറാന്‍ ഓഗസ്റ്റ് 20 വരെ സമയം നല്‍കി. ഓഗസ്റ്റ് 30 വരെ നഷ്ടങ്ങള്‍ സംബന്ധിച്ച കണക്ക് കര്‍ഷകര്‍ക്ക് കൃഷി ഭവനുകളിലൂടെയും നല്‍കാം.