പാർക്കിൽ കളിക്കുന്നതിനിടയിൽ വെള്ളക്കെട്ടിൽ വീണ 7 വയസുകാരന് ദാരുണാന്ത്യം. ദില്ലിയിലെ റോഹിണിയിലെ സെക്ടർ 20ലെ പാർക്കിൽ ശനിയാഴ്ചയാണ് സംഭവം. കുട്ടി വെള്ളക്കെട്ടിൽ വീണതായും സഹായം ആവശ്യപ്പെട്ടുമുള്ള സന്ദേശം പൊലീസിന് ലഭിക്കുന്നത് ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ്. അമൻ വിഹാർ പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസുകാർ എത്തിയപ്പോഴേയ്ക്കും കുട്ടിയെ കാണാതായിരുന്നു. പിന്നാലെ ഏറെ നേരം വെള്ളക്കെട്ടിൽ തെരഞ്ഞ ശേഷമാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമൻ വിഹാർ സ്വദേശിയായ തരുൺ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. മഴവെള്ളം നിറഞ്ഞ് രൂപം കൊണ്ട വെള്ളക്കെട്ടിൽ വീണാണ് ഏഴ് വയസുകാരൻ മരിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവത്തിലെ ദുരൂഹതകൾ നീക്കുന്നതിന് കേസ് എടുത്ത പൊലീസ് സമീപത്തെ സിസിടിവി അടക്കമുള്ള ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം 18 പേരാണ് വിവിധ വെള്ളക്കെട്ടുകളിലും മഴക്കെടുതിയിലും ദില്ലിയിൽ മരിച്ചിട്ടുള്ളത്. ഇതിൽ ആറ് പേരും കുട്ടികളെന്നതാണ് ശ്രദ്ധേയമായിട്ടുള്ള കാര്യം. മഴക്കെടുതി മരണങ്ങളിൽ ഏഴ് പേർ ഷോക്കേറ്റാണ് മരിച്ചിട്ടുള്ളത്. മൂന്ന് മുതൽ 10 വരെ പ്രായമുള്ള കുട്ടികളാണ് മരണപ്പെട്ടിട്ടുള്ളത്. ശക്തമായ മഴയാണ് രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്നത്. നഗരത്തിലും പരിസരമേഖലയിലും വെള്ളക്കെട്ടുകൾ രൂക്ഷമാണ്. സമാനമായ മറ്റൊരു സംഭവത്തിൽ ഒഴിഞ്ഞ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന കൌമാരക്കാർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചിരുന്നു. ദില്ലിയിൽ യെല്ലോ അലേർട്ടാണ് ഇന്ന് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തിങ്കളാഴ്ച ദില്ലിയിലുണ്ടാവുമെന്നാണ് കാലാവസ്ഥാ പ്രവചനം വിശദമാക്കുന്നത്. വ്യാപകമഴയിൽ ഹരിയാനയിലെ ചണ്ഡീഗഡിലും ഗുരുഗ്രാമിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. ഗുരുഗ്രാമിൽ നിന്നും ദില്ലിയിലേക്കുള്ള പ്രധാന പാതയിലും വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ദില്ലിയിലും കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *