സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ വിവരിച്ചത്. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുൽ പറഞ്ഞു. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചത്. കഴിഞ്ഞ മാസം 19 നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കൽപികയുടെയും മകനായിരുന്നു. ദില്ലി സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ യെച്ചൂരി, ജെ എന്‍ യുവില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ജെ എന്‍ യുവില്‍ വച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1974 ല്‍ എസ് എഫ് ഐയില്‍ അംഗമായി. മൂന്നുവട്ടം ജെ എന്‍ യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. ജെഎന്‍യുവില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്തെ ഒളിവുജീവിതം മൂലം പൂര്‍ത്തിയാക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *