സംസ്ഥാനത്ത് കനത്ത മഴ തുടരുന്നെങ്കിലും പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി കമ്മിഷണര്‍ ഡോ.എ കൗശികന്‍ അറിയിച്ചു.
നാലുദിവസം കൂടി മഴ തുടരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കനക്കുന്നതോടെ എന്‍ഡിആര്‍എഫിന്റെ നാലുസംഘം കൂടി സംസ്ഥാനത്തെത്തി.
അതേസമയം പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. അതിരപ്പള്ളി ആനമല റോഡില്‍ വെള്ളം കയറി. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറി.
തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
