തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതി സാമ്പത്തിക ബാധ്യതയും അനാസ്ഥകളും മുൻനിർത്തി സമഗ്രമായി പരിശോധിച്ച് വരികയാണെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ  തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമോ വേണ്ടയോ എന്ന് സർക്കാർ ഗൗരവമായി ആലോചിച്ചുവരികയാണ്. കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിൽ ഗുരുതരമായ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻ സർക്കാർ വരുത്തിവെച്ച പല കുടിശ്ശികകളും കൊടുത്തുതീർക്കുകയാണ് നിലവിലെ സർക്കാർ. കൂടാതെ, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുന്ന കാര്യവും സർക്കാരിന്റെ പരിശോധനയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

12-ാം ശമ്പള പരിഷ്കരണ കമ്മീഷനായി വി. പി. ജോയിയെ നിയമിച്ച കാര്യം പരാമർശിച്ച അദ്ദേഹം, കമ്മീഷന്റെ കാലാവധി നീട്ടി നൽകുന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് വ്യക്തമാക്കി. ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ചതല്ലാതെ അത് നടപ്പിലാക്കാതിരുന്ന ഒരേയൊരു സർക്കാർ കഴിഞ്ഞ സർക്കാരാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *