ഐഎഎസ് ചേരിപ്പോര് വിവാദത്തിൽ എൻ.പ്രശാന്തിനെ നേരത്തേ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയിൽ വളരെ സന്തോഷമെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്‌സിക്കുട്ടിയമ്മ. സർക്കാർ നടപടി നാടിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും. വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിൻ്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെൻഷനെന്നും അവർ പറ‌ഞ്ഞു.സംഘപരിവാർ നിരന്തരം നാട്ടിലെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സംഘപരിവാറിന് പിന്നാലെ നമ്മൾ ബഹുമാനിക്കുന്നവർ പോകുന്നത് ഉത്കണ്ഠപ്പെടുത്തുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഉണ്ടാക്കിയത് ആദ്യത്തെ സംഭവമാണ്. കേരളീയ സമൂഹത്തെ വിഭജിക്കാനുള്ള ആർഎസ്എസ് അജണ്ടയിൽ കേരളത്തിലെ മധ്യവർഗം വീണു കൊടുക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ നടപടി കൃത്യമാണ്. ഏത് ഉയർന്ന ഉദ്യോഗസ്ഥനും പൊതു ധാരയിൽ നിന്നും വ്യത്യസ്തമായി നീങ്ങിയാൽ നടപടി നേരിടേണ്ടി വരും.മുനമ്പം വിഷയം ഇങ്ങനെ വ്യാഖ്യാനിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. സംസ്ഥാന സർക്കാർ ആരെയും ഇറക്കിവിടില്ലെന്ന് ഉറപ്പുനൽകിയതാണ്. തെരഞ്ഞെടുപ്പിനെ ബന്ധിപ്പിച്ച് ഇത് പറയുന്നത് ഏതറ്റം വരെ എത്തി എന്നതിന് തെളിവാണ്. വകുപ്പ് മന്ത്രി ആരെയും വർഗീയപരമായി പറഞ്ഞില്ല. മന്ത്രിയുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തത് ആസൂത്രിതമായാണ്. വിഭജനത്തിനുള്ള ആർഎസ്എസ് അജണ്ടയാണിതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *