തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന ‘കേരള സ്‌കൂള്‍ കായികമേള 24’ ന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം ഉണ്ടായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട വാര്‍ത്ത കുറിപ്പിലാണ് ഈ പരാമര്‍ശം. സമാപന സമ്മേളനം നല്ല നിലയില്‍ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്‌കൂളിന്റെ പേരിലുള്ള തര്‍ക്കം തിരുനാവായ നാവാമുകുന്ദ സ്‌കൂള്‍ ഉന്നയിക്കുന്നത്.
സ്‌കൂളിന്റെ പ്രതിനിധിയുമായി വേദിയില്‍ വച്ച് തന്നെ കൂടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാന്‍ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളോട് ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടും ഫലം ഉണ്ടായില്ല.
സാംസ്‌കാരിക പരിപാടി തടയാനും വളന്റിയര്‍മാരെ മര്‍ദ്ദിക്കാനും ശ്രമമുണ്ടായി. ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കും. മേളയെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തെ ശക്തമായ അപലപിക്കുന്നു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആദ്യ സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ സമാപന സമ്മേളനം അലങ്കോലപ്പെടുത്തിയതിന്റെ അപഖ്യാതി നവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
കായികമേള അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരുടെ ആവശ്യം സ്‌പോര്‍ട്‌സ് സ്‌കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതല്‍ പോയന്റ് ആ സ്‌കൂളുകള്‍ക്ക് നല്‍കണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താന്‍ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താന്‍ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി.
ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഈ സ്‌കൂളുകളിലെ അധ്യാപകരാണ്. 2018 ഓഗസ്റ്റ് 17നാണ് കേരള സ്‌കൂള്‍ കായികമേളയുടെ മാനുവല്‍ പരിഷ്‌കരിച്ചത്. ഇതില്‍ ഒരിടത്തും ജനറല്‍ സ്‌കൂള്‍ എന്നും സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നും വേര്‍തിരിവ് വേണമെന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂള്‍ കായികമേള ചരിത്രം കുറിച്ചിരിക്കുകയാണ്. ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം ആളുകള്‍ക്ക് മേളയില്‍ ഭക്ഷണം നല്‍കി. ഇതും ചരിത്രമാണ്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരില്‍ ആദ്യമായി എവര്‍ റോളിംഗ് ട്രോഫി നല്‍കി. കായികമേയില്‍ പിറന്നത് നാല്‍പ്പത്തി നാല് മീറ്റ് റെക്കോര്‍ഡുകള്‍ ആണ്. കായിക താരങ്ങള്‍ക്ക് കാഷ് പ്രൈസ് ആയി 20 ലക്ഷം രൂപ വിതരണം ചെയ്തു.
മത്സരങ്ങള്‍ നിയന്ത്രിക്കുന്ന 1,244 ഉദ്യോഗസ്ഥരുടെയും മേള കവര്‍ ചെയ്യുന്ന 400 മാധ്യമ പ്രവര്‍ത്തകരുടെയും പരിശ്രമം കൊണ്ടാണ് ഈ മേള വന്‍ വിജയമായതും കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തത്.
നാലുവര്‍ഷത്തില്‍ ഒരിക്കല്‍ ഇങ്ങനെ ഒളിമ്പിക്‌സ് മാതൃകയില്‍ മേള നടത്താം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഈ മേളയുടെ വലിയ വിജയം ഒളിമ്പിക്‌സ് മാതൃകയിലുള്ള മേള എല്ലാവര്‍ഷവും നടത്തണമെന്ന രീതിയിലേക്ക് കാര്യങ്ങളെ മാറ്റി. അടുത്ത തവണ മേള തിരുവനന്തപുരത്താകും നടത്തുക. കായികതാരങ്ങള്‍ക്കുള്ള പാരിതോഷിക തുക വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.