കൊച്ചി: കാക്കനാട് സ്വകാര്യ ബസ് ഇടിച്ച് ഐടി ജീവനക്കാരിയായ അക്ഷര (29) മരിച്ച സംഭവത്തിൽ സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നടപ്പാതകൾ നിർമ്മിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിനും, സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിനും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവർ സി.കെ. ബിനോയിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്യണമെന്നും അപകടമുണ്ടാക്കിയ ‘മലയിൽ’ ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇൻഫോപാർക്ക് പോലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. ഡ്രൈവറുടെ ഗുരുതരമായ പിഴവാണ് അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്തയാളെയാണ് ബസിൽ ഡ്രൈവറായി നിയമിച്ചിരുന്നതെന്നും, സി.കെ. ബിനോയ് ലഹരി ഇടപാട്, അടിപിടി കേസുകളിൽ ഉൾപ്പെടെ പ്രതിയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്നുപോവുകയായിരുന്ന തൃശ്ശൂർ സ്വദേശിനി അക്ഷരയെ അമിതവേഗത്തിലെത്തിയ ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഈ ബസിന്റെ പെർമിറ്റ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *