83 ജോഡികൾ മാറ്റുരച്ചു; പുതുതലമുറയുടെ പങ്കാളിത്തത്തിൽ ആവേശമായി നാടൻ കാർഷികോത്സവം


പുല്ലാളൂർ: വർഷങ്ങളായി പുല്ലാളൂർ കണ്ടത്തിൽ നടന്നുവരുന്ന കാളപൂട്ട് മത്സരം ആവേശകരമായി സമാപിച്ചു. മത്സരത്തിൽ നബീൽ അരിമ്പ്രയുടെ കന്നുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 41.9.2 എന്ന സമയത്തിലാണ് നബീൽ ഈ നേട്ടം കൈവരിച്ചത്. പാലാപറമ്പൻ മുസ്തഫയുടെ കന്നുകൾ രണ്ടാം സ്ഥാനം നേടി.

പി.ടി. അഷ്റഫ് ഒതായി മൂന്നാം സ്ഥാനവും പി.പി. മാമുക്കുട്ടി കുനിയിൽ നാലാം സ്ഥാനവും വളപ്പൻ ബിച്ചാവയ്യം അഞ്ചാം സ്ഥാനവും നേടി. ആകെ 83 ജോഡികളാണ് മത്സരത്തിൽ മാറ്റുരച്ചത്.

കണ്ടത്തിന്റെ നാലുഭാഗവും നിറഞ്ഞ ജനക്കൂട്ടമാണ് മത്സരത്തിന് സാക്ഷ്യം വഹിച്ചത്. സ്ത്രീകളും കുട്ടികളും യുവാക്കളും ഉൾപ്പെടെ നിരവധി പേരാണ് കാളപൂട്ട് കാണാനെത്തിയത്. രാത്രി ഏഴുമണിയോടെയാണ് മത്സരം സമാപിച്ചത്.

കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാകുമായിരുന്ന ഒരു നാടൻ കാർഷിക വിനോദത്തെ ജീവശ്വാസം പോലെ കാത്തുസൂക്ഷിക്കുന്ന കർഷകരുടെയും നാട്ടുകാരുടെയും നിശ്ചയദാർഢ്യമാണ് പുല്ലാളൂർ കാളപൂട്ടിന്റെ വിജയത്തിന് പിന്നിൽ. ചെളിയിൽ കുതിർന്ന മുഖങ്ങളുമായി നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങുന്ന ഓരോ കർഷകനും മത്സരപ്രേമിയും മണ്ണിൽ ചവിട്ടിനിൽക്കുന്ന ഒരു ജനതയുടെ കരുത്തിന്റെ പ്രതീകങ്ങളായി.

പഴമയുടെ കാർഷിക പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സ്വന്തം വേരുകൾ തിരിച്ചറിയാനുള്ള ഓർമപ്പെടുത്തൽ കൂടിയായി പുല്ലാളൂരിലെ കാളപൂട്ട് മഹോത്സവം. മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും വർധിച്ച പങ്കാളിത്തം ഈ നാടൻ കലാരൂപത്തിന്റെ ജനപ്രീതിയും കാലാനുസൃതമായ വളർച്ചയുമാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *