തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍എസ് ലിജു ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പന്തല്‍ കെട്ടി മാര്‍ഗ തടസമുണ്ടാക്കിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

പൊലീസ് ഇന്നലെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തല്‍ ബലമായി അഴിച്ച് നീക്കിയതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ മറ്റൊരു പന്തല്‍ നിര്‍മിച്ചത്. ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍ എസ് ലിജു, പ്രസിഡന്റ് വി എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നില്‍ ന്യായ വിരോധമായി സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുകയും, വഴി തടസ്സപ്പെടുത്തി എന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

സമരത്തിന് പിന്തുണയുമായി കോക്രോച്ച് ജനതാ പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. സമരക്കാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് സിജെപി കേരളം ഇന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഓരോ ദിവസവും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. നേരത്തെ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി പ്രവര്‍ത്തകര്‍ 12 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിച്ചിരുന്നു.

സമരപന്തല്‍ പൊളിച്ചുനീക്കിയെങ്കിലും സമരം തുടരുമെന്ന നിലപാടില്‍ എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികള്‍. പോലീസ് നടപടിക്കെതിരെ ഇന്ന് കൂടുതല്‍ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത. സമരപ്പന്തല്‍ പൊളിച്ചതില്‍ പ്രതിഷേധിച്ച് താത്ക്കാലിക പന്തല്‍ കെട്ടിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ. വളര്‍മതിക്ക് പകരം എം ജയകൃഷ്ണന്‍ നിരാഹാരസമരം ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *