തിരുവനന്തപുരം: എൽ.പി.എസ്.ടി ഉദ്യോഗാർഥിയായ വളർമതിയെ അറസ്റ്റ് ചെയ്തതിലും സമരപ്പന്തൽ പൊളിച്ചുമാറ്റിയതിലും മുഖ്യമന്ത്രി വി.ഡി. സതീശനെയും യു.ഡി.എഫ് സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ജോൺ ബ്രിട്ടാസ് എം.പി. അമിത് ഷായും വി.ഡി. സതീശനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയിക്കുന്ന നടപടികളാണ് കേരളത്തിൽ ഉണ്ടായതെന്നും, നൽകിയ വാക്ക് ലംഘിച്ച് പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് സർക്കാർ നടത്തിയത് വിശ്വാസവഞ്ചനയാണെന്ന് കുറ്റപ്പെടുത്തിയ ജോൺ ബ്രിട്ടാസ്, ഉദ്യോഗാർഥികളുടെ ന്യായമായ സമരത്തിന് എന്ത് വിലകൊടുത്തും പിന്തുണ നൽകുമെന്ന് വ്യക്തമാക്കി. ദേശീയ തലത്തിൽ ‘ഇന്ത്യ’ സഖ്യം വിവിധ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമ്പോൾ, കേരളത്തിൽ നടക്കുന്ന ന്യായമായ സമരത്തെ യു.ഡി.എഫ് സർക്കാർ അടിച്ചമർത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ നിലപാടും നയവും വെച്ചുകൊണ്ട് കോൺഗ്രസിന് എങ്ങനെയാണ് ഡൽഹിയിലെ സമരങ്ങളിൽ പങ്കാളികളാകാനും അമിത് ഷായ്ക്ക് നേരെ വിരൽ ചൂണ്ടാനും കഴിയുകയെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. ബി.ജെ.പിക്കെതിരെ ‘ഇന്ത്യ’ മുന്നണിയെ നയിക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നുവെങ്കിൽ ഇത്തരം സമീപനങ്ങൾ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പോലീസ് നടപടിയിൽ രാഹുൽ ഗാന്ധിയുടെയും കെ.സി. വേണുഗോപാലിന്റെയും നിലപാട് എന്താണെന്ന് എ.ഐ.സി.സി നേതൃത്വം വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
