തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. എസ് കാര്‍ത്തികേയന്‍ പുതിയ എക്‌സൈസ് കമ്മീഷണറാകും. സീറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. സാംബശിവ റാവുവിന് അധിക ചുമതല ഇല്ല. ശര്‍മിള മേരി ജോസഫ് KTDFC ചെയര്‍പേഴ്‌സണാകും. ഡി ബാലമുരളി KMSCL എംഡിയാകും. ജെറോമിക് ജോര്‍ജ് വിഴിഞ്ഞം തുറമുഖം എംഡിയുമാകും. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. എം ജി രാജമാണിക്യം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാകും. അബ്ദുള്‍ നാസര്‍ ബി പാര്‍ലമെന്റ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറിയാകും. അഫ്‌സാന പര്‍വീണ്‍ ഐഎഎസ് മില്‍മ എംഡിയാകുമെന്നും ഉത്തരവില്‍ പറയുന്നു. മിഥുന്‍ പ്രേംരാജിനെ KSIDC എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു.

ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെയായിരുന്നു സീറാം സാംബശിവറാവുവിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണര്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ താഴെത്തട്ടില്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയത് മുന്‍ ഇടത് സര്‍ക്കാരാണ്. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥാനമാറ്റം.

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സാംബശിവ റാവുവിന്റെ വിശദീകരണം. എക്സൈസ് മന്ത്രി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്ന ആളാണ് താന്‍. സദ്ഭരണണാണ് ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ആരോപണ വിധേയനാകാം. അനാവശ്യ തിടുക്കം കാണിച്ചിട്ടില്ല. മന്ത്രിയുമായി യാതൊരു പ്രശ്നവുമില്ലെന്നും സാംബശിവ റാവു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *