
എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. എംഎൽഎ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. ഇതോടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചുകാണ്ട് പി വി അന്‍വര്‍ പറഞ്ഞത്.
നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെയ്ക്കാൻ അൻവർ തീരുമാനിച്ചത്. തൃണമൂൽ കോൺഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്. മമതാ ബാനർജിയുടെ നിർദ്ദേശപ്രകാരമാണ് അൻവർ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് സൂചന.
