മംഗളൂരു: ദേവിക്ക് നരബലി അര്‍പ്പിച്ചാല്‍ നിധി കിട്ടുമെന്ന ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് മധ്യവയസ്‌കനെ യുവാവ് കൊലപ്പെടുത്തി. ചിത്രദുര്‍ഗയിലെ സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ആനന്ദ് റെഡ്ഡിയേയും(32) ഇയാളോട് നരബലി നിര്‍ദേശിച്ച ജ്യോത്സ്യന്‍ രാമകൃഷ്ണയേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭൂമിയില്‍ നിധി മറഞ്ഞിരിക്കുന്നുണ്ടെന്നും അത് സ്വന്തമാക്കണമെങ്കില്‍ മാരാമ്മ ദേവിക്ക് നരബലി കൊടുക്കണമെന്നും ജ്യോത്സ്യനാണ് യുവാവിനോട് പറഞ്ഞത്. നരബലിക്കായി യുവാവ് ചെരുപ്പുകുത്തിയെ തെരഞ്ഞെടുക്കുകയായിരുന്നു. 52കാരനായ പ്രഭാകര്‍ ആണ് കൊല്ലപ്പെട്ടത്.
കര്‍ണാടക-ആന്ധ്ര അതിര്‍ത്തിക്ക് സമീപത്താണ് പ്രഭാകറിന്റെ മൃതദേഹം കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്.
ഹോട്ടലില്‍ പാചക തൊഴിലാളിയാണ് ആനന്ദ്. ചിത്രദുര്‍ഗയിലെ ചില്ലകേരെ ബസ് സ്റ്റോപ്പില്‍ ചെരുപ്പുകള്‍ തുന്നുന്നയാളായിരുന്നു പ്രഭാകര്‍. ആനന്ദ് റെഡ്ഡി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
സാമ്പത്തിക ഞെരുക്കം മാറാന്‍ വഴി തേടിയാണ് ആനന്ദ് ജ്യോത്സ്യന്റെ അടുത്തെത്തുന്നത്. പരശുരാംപുരയില്‍ നിധിയുണ്ടെന്നും അത് സ്വന്തമാക്കാന്‍ നരബലി നടത്തിയാല്‍ മതിയെന്നും ജ്യോത്സ്യന്‍ പറഞ്ഞു. മനുഷ്യക്കുരുതി നടത്തി ആ രക്തം മാരമ്മയ്ക്ക് സമര്‍പ്പിച്ചാല്‍ അത് സ്വര്‍ണമായി തിരികെ ലഭിക്കുമെന്നായിരുന്നു രാമകൃഷ്ണ ആനന്ദിനെ വിശ്വസിപ്പിച്ചത്.