
തീയേറ്ററിൽ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കായി ഒരുക്കിയ അലങ്കാര വിളക്ക് പൊട്ടി വീണതിനെ തുടർന്ന് അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദര്‍ശനം അരമണിക്കൂറോളം നിര്‍ത്തിവെച്ചു. ചിത്രം കാണാനെത്തിയ കുട്ടിയുടെ തലയില്‍ വിളക്ക് വീണെന്ന് ആരോപിച്ച് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നമുണ്ടായത്.
ചെന്നൈയിലെ വെട്രി തീയേറ്ററിലാണ് സംഭവം. തീയേറ്ററിലെ ഡിസ്‌കോ ലൈറ്റ് ഇളകിവീഴുന്നതിനിടെ കുട്ടിയുടെ തലയില്‍ തട്ടി. പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെച്ചു. അതേസമയം, ലൈറ്റ് പൂര്‍ണ്ണമായും കൂട്ടിയുടെ ദേഹത്ത് വീണിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിക്ക് പരിക്കുകള്‍ ഒന്നുമില്ല. ലൈറ്റ് അടര്‍ന്ന് വീണപ്പോള്‍ കുട്ടി ഭയപ്പെടുകയും കരയുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ തീയേറ്റര്‍ അധികൃതരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയും പിന്നീട് പ്രദര്‍ശനം പുനരാരംഭിക്കുകയും ചെയ്തു.
അജിത് നായകനായ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനംചെയ്തിരിക്കുന്നത്. തൃഷ, പ്രസന്ന, അര്‍ജുന്‍ ദാസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം.