കർണാടകയിലെ ചിക്കമഗളൂരിൽ വെച്ച് മരണമടഞ്ഞ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സന്ദർശനം നടത്തി. പെൺകുട്ടിയുടെ വിയോഗത്തിൽ ദുഃഖാർത്തരായ മാതാപിതാക്കളെയും ബന്ധുക്കളെയും നേരിൽ കണ്ട് മന്ത്രി ആശ്വാസവാക്കുകൾ പങ്കുവെച്ചു. സി.പി.എം ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഒരു നാടിന്റെയാകെ അഭിമാനവും കുടുംബത്തിന്റെ പ്രതീക്ഷയുമായിരുന്ന ശ്രീനന്ദയുടെ മരണം നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. കടമ്പഴിപ്പുറം ഹൈസ്‌കൂളിലെ മിടുക്കിയായ വിദ്യാർത്ഥിനിയായിരുന്ന ശ്രീനന്ദ കലാ-കായിക രംഗങ്ങളിലും സജീവമായിരുന്നു. കുട്ടിയെ കാണാതായെന്ന വിവരമറിഞ്ഞ ഉടൻ തന്നെ കേരള സർക്കാർ കർണാടക സർക്കാരുമായി ബന്ധപ്പെടുകയും അന്വേഷണം ഊർജ്ജിതമാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നത് അതീവ ദുഃഖകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനന്ദയുടെ മരണത്തിലെ ദുരൂഹതകൾ നീക്കാൻ കർണാടക പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അപകടം നടന്ന സാഹചര്യം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കേണ്ടത് അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്തമാണെന്നും, നീതി ഉറപ്പാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *