മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക. ചാലിയാറിൽ നടന്ന അവലോകന യോഗത്തിനുശേഷം ആയിരുന്നു പ്രതികരണം. ചെറുപ്പക്കാർ മരിച്ചത് ആശങ്കാവഹമായ കാര്യമാണ്. ജില്ലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ തയ്യാറാവണമെന്നും ഡിഎംഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗിയുമായി ബന്ധപ്പെടുന്നതിൽ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്ന് ഡിഎംഒ മുന്നറിയിപ്പ് നൽകി. ജില്ലയിൽ 4000 ത്തിനടുത്ത് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. മുൻ മാസങ്ങളെ അപേക്ഷിച്ചു വ്യാപനം കുറഞ്ഞു. എന്നാലും ജില്ലയിലെ നിരീക്ഷണം ശക്തമാക്കുമെന്നും ജല സ്രോതസ്സുകളിൽ ക്ലോറിനേഷൻ ഊർജ്ജിതമാക്കുമെന്നും ഡിഎംഒ പറഞ്ഞു. ജില്ലയിൽ ഇപ്പോൾ 600 ഓളം ആക്റ്റീവ് കേസുകളാണുള്ളത്. വൈറൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം പോത്തുകല്ലിലും ചാലിയാറിലും ഇന്ന് ആരോഗ്യവകുപ്പിന്റെ അടിയന്തരയോഗം വിളിച്ചു ചേർത്തിരുന്നു. രാവിലെ 10 30നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണം എന്ന് യോ​ഗത്തിൽ നിർദ്ദേശം. ഭിന്നശേഷിക്കാരൻ ആയ കുട്ടിയടക്കം അഞ്ചുമാസത്തിനിടെ രോഗം ബാധിച്ചു മരിച്ചത് എട്ടുപേരാണ്. 3000ത്തിലധികം പേരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തി. ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറത്തിന്റെ മലയോര മേഖലയെ ആണ് രോ​ഗം കൂടുതൽ ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *