സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം.

ആദ്യ ഘട്ടത്തിൽ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ, നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്. ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇത് വഴി പ്രതീക്ഷിക്കുന്നത്. ഇതുവഴി നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

മൂവാറ്റുപുഴ, അങ്കമാലി, കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും നിലവിലുള്ള ഡീസൽ പമ്പുകളോടൊപ്പം പെട്രോൾ പമ്പുകളും തുടങ്ങും. കെ.എസ്.ആർ.ടി.സിക്ക് ഇതിനായി സാമ്പത്തിക ബാധ്യത ഇല്ലെന്നും, മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *