കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ എ.പി. ഷൗക്കത്തലി ചുമതലയേറ്റു. കേരള സര്‍ക്കാരിന്റെ പുതിയ സ്ഥലംമാറ്റ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചത്. മുമ്പ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി.യായാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.
1995-ല്‍ സബ് ഇന്‍സ്‌പെക്ടറായി കേരള പോലീസില്‍ സേവനം ആരംഭിച്ച ഷൗക്കത്തലി പിന്നീട് വിവിധ പ്രധാന അന്വേഷണങ്ങളിലൂടെ ശ്രദ്ധേയനായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണത്തിനുള്ള പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്, കനകമല ഭീകരവാദ കേസ്, സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള നിരവധി പ്രധാന അന്വേഷണങ്ങളില്‍ പങ്കാളിയായിട്ടുണ്ട്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായ മെറിന്‍ ജോസഫ്
കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഷൗക്കത്തലി പുതിയ ചുമതലയില്‍ എത്തിയത്.
നിയമ-സമാധാന പാലനം, കുറ്റാന്വേഷണം, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ശക്തിപകരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
