എസ് സി/ എസ് ടി ഫണ്ട് തട്ടിപ്പ്;തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല; മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി

0

എസ് സി/ എസ് ടി ഫണ്ട് തട്ടിപ്പ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി.പട്ടിക ജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയര്‍ന്നതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാര്‍ പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും, തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. എസ് സി-എസ് ടി വകുപ്പിലെ ഫണ്ടുകള്‍ തട്ടിയെടുത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
എസ്എസ്ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരില്‍ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. പട്ടികജാതി വകുപ്പില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രി അന്വേഷണത്തിനു ഉത്തരവിട്ടത്. അതേസമയം, എസ് സി-എസ് ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണസംഘം ഇന്ന് ഡല്‍ഹിയിലേക്ക് പോകും. രാഹുലിന്റെ ലാപ്ടോപ്പ്, ഐ ഫോണ്‍ എന്നിവ കണ്ടെത്താനും തെളിവെടുപ്പ് നടത്താനുമാണ് നീക്കം. ലാപ്ടോപ്പില്‍ സാമ്പത്തിക ഇടപാടുകളുടെ നിര്‍ണായക വിവരങ്ങളുണ്ടെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here